അമേരിക്കൻ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് അമേരിക്കയിലെ ഹെല്‍ത്ത് കെയര്‍, ടെക് മേഖലയിലെ വ്യവസായിയും സാമൂഹികപ്രവര്‍ത്തകനും എഴുത്തുകാരനുമായ മലയാളി വിവേക് രാമസ്വാമി. ഈ രാജ്യത്ത് പുതിയ ആശയങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഞാന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു, ഈ പ്രഖ്യാപനത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിൽ വിവേക് പറഞ്ഞു. അര്‍ഹമായ കുടിയേറ്റത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും നിയമം ലംഘിച്ച് രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നുമാണ് വിവേകിൻ്റെ നിലപാട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെയും കുടിയേറ്റ വിഷയത്തിലും വിമര്‍ശനം ഉന്നയിച്ച വിവേക്, കുടിയേറ്റത്തെക്കുറിച്ചുള്ള പാര്‍ട്ടിയുടെ നിലപാട് യാഥാസ്ഥിതിക തത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും സമ്പദ്വ്യവസ്ഥയെ ഇത് ദോഷകരമായി ബാധിക്കുമെന്നും വാദിച്ചിരുന്നു. ന്യൂയോര്‍ക്ക് ടൈംസിൻ്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ ‘Woke, Inc.: Inside Corporate America’s Social Justice Scam’ എന്ന പുസ്തകം വിവേകിൻ്റെതാണ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, യുഎന്നിലെ അമേരിക്കയുടെ മുന്‍ സ്ഥാനപതിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി എന്നിവരാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് രണ്ടുപേര്‍. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സ് സ്ഥാപകനും സ്ട്രൈവ് അസ്റ്റ് മാനേജ്മെന്റ് സഹസ്ഥാപകനുമാണ് വിവേക്. അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, കാന്‍സര്‍ എന്നിവയ്ക്കുള്ള ചികിത്സകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അനുബന്ധ സ്ഥാപനങ്ങളും വിവേകിൻ്റെ കീഴിലുണ്ട്. ഒഹായോയിലെ ഈവന്ഡേലിലുള്ള ജനറല്‍ ഇലക്ട്രിക് പ്ലാന്റില്‍ ജോലി നോക്കിയിരുന്ന പാലക്കാട്ടുകാരായ ജി രാമസ്വാമിയുടെയും സിന്‍സിനാറ്റിയിലെ മനോരോഗ വിദഗ്ധ ഗീതയുടെയും മകനാണ്.